Thursday, September 15, 2022

 

 

 അപരിചിതയായിരുന്നിട്ടും വേണ്ടപ്പെട്ട ആരോ നഷ്ടമായതുപോലെ , " കണ്ണാംതുമ്പീ പോരാമോ.."എന്ന വരികൾക്കൊപ്പം പിന്തിരിഞ്ഞു നോക്കികൊണ്ട് സ്കൂളിലേക്ക് പോകുന്ന ഒരു നാലുവയസുകാരിയുടെ മുഖം ആയിരുന്നു ഇന്നലെ മനസ്സുനിറയെ ... പകൽ ന്യൂസ് കാണുമ്പോൾ ശബ്ദമുണ്ടാക്കാതെ കണ്ണിൽ നിന്നൂർന്നു വീണ നീർത്തുള്ളികളെ മായ്ച്ചു കളയും മുമ്പേ രണ്ടു വയസുകാരി മകൾ ഓടിയെത്തി " 'അമ്മ എന്തിനാ കരയുന്നെ ... കരയല്ലേമ്മേ" ന്ന്  പറഞ്ഞു കണ്ണുനീർ തുടച്ചു മാറ്റി. അപ്പോൾ എന്റെ സങ്കടം വല്ലാണ്ട് ഇരട്ടിച്ചു.. തൊണ്ടക്കുഴിയിൽ ശ്വാസം മുട്ടിപോയി.. അവളെ കെട്ടിപിടിച്ച്‌ ഞാൻ കുറേ നേരം അങ്ങനെ തന്നെ ഇരുന്നു..
രാത്രിയിൽ വാർത്ത കാണുമ്പൊൾ ന്യുസ്  ചാനലിന്റെ ക്യാപ്ഷൻ " കുഞ്ഞു ശവപ്പെട്ടികൾ ആണ് ഏറ്റവും ഭാരമേറിയതെന്ന്!" വീണ്ടും കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി... പറഞ്ഞു തീരാത്ത കുഞ്ഞികൊഞ്ചലുകളുടെ ...അവസാനിക്കാത്ത ചിരികളുടെ ...ഇനിയും കണ്ടുതുടങ്ങിയിട്ടില്ലാത്ത സ്വപ്നങ്ങളുടെ...കൊടുത്തും വാങ്ങിയും തീരാത്ത സ്നേഹത്തിന്റെ... ഭാരം അവയ്ക്കുണ്ടാകും...
ആരുടെയൊക്കെയോ അശ്രദ്ധകൾ കൊണ്ട് പൊന്നുമോളെ നീ...ഉറക്കമുണർന്ന്  ആ ബസിലിരുന്ന്  ഭയത്തോടെ അമ്മേന്ന് വിളിച്ചു കരഞ്ഞിട്ടുണ്ടാകുമല്ലേ ..എഴുതിമുഴുമിപ്പിക്കാനാകുന്നില്ല...


(അച്ഛനമ്മമാർ ജീവനോടെ ഇരിക്കുമ്പോൾ മക്കളുടെ അന്ത്യകർമങ്ങൾ ചെയ്യേണ്ടി വരുന്നത് ലോകത്തിലെ ഏറ്റവും വലിയ വിഷമങ്ങളിൽ ഒന്നായിരിക്കും. ആ മാതാപിതാക്കൾക്ക് ദൈവം സഹനശക്തി കൊടുക്കട്ടെ )

കുഞ്ഞുമാലാഖേ നിത്യശാന്തി ...

 

Sunday, July 23, 2017

  ആ പ്രത്യേകയിഷ്ടം...


                                                 വാട്സാപ്പിലെ സ്റ്റാറ്റസ് കണ്ടു  സ്കൂൾ   കാലത്തെ ഒരു സുഹൃത്ത് ഈയിടെ എന്നോട് പറഞ്ഞതാണ് "അവനു എന്നോട് ഒരുപ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു... അത് പക്ഷെ പ്രണയമാണോ എന്നൊന്നും അവനു തിട്ടമില്ലെന്നു".പലതരം ഇഷ്ടങ്ങളുടെ നടുവിൽകിടന്നു നട്ടംതിരിയുന്ന നമുക്ക് എല്ലാവര്ക്കും അങ്ങനെ ഒരിഷ്ടം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അവന്റെ പറച്ചിൽ കേട്ട് "നിനക്ക് വട്ടായോ"എന്ന് ഞാൻ ചോദിച്ചു. പ്ലസ് ടു കാലത്തെ സുഹൃത്തുക്കളുമായി പൊതുവെ യാതൊരു ബന്ധവും ഇപ്പോഴില്ല..അന്നത്തെ ഏറ്റവും പ്രിയപ്പെട്ടവരൊക്കെ ഇപ്പോൾ എവിടെയെന്നു പോലും അറിയില്ല.ആകെ കോൺടാക്റ്റിലുള്ള ഒരാൾ ഇവൻ മാത്രം ആണ്.ഞങ്ങൾ അന്നത്തെക്കാലത്തെ വഴക്കാളികൾ ആയിരുന്നു താനും.എപ്പോൾ കണ്ടാലും എന്നോട് വഴക്കുണ്ടാക്കലായിരുന്നു ഇവന്റെ പണി. ആൾക്ക് അന്ന് തരക്കേടില്ലാത്ത ഒരു പ്രണയവും ഉണ്ട്.   കൂട്ടുകാരിയുടെ കയ്യിലിരുന്ന എന്റെ ഫോട്ടോ തട്ടിയെടുത്തു മോഡൽ പരീക്ഷ ഹാളിൽ   കണ്ടിരുന്നിട്ട് വഴക്കും വാങ്ങി പ്രിൻസിപ്പാൾ ആ ഫോട്ടോ കൊണ്ട്പോയി അവരുടെ മേശയിൽ ഭദ്രമായി വെക്കാൻ അവസരം ഉണ്ടാക്കിയ ആളാണ് കക്ഷി.(ഞാൻ ആ സ്കൂളിൽ അല്ലാതിരുന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടവൾ ആണ്)
ഓ... പ്രത്യേക ഇഷ്ടത്തെ കുറിച്ചു പറയാൻ വന്നിട്ട് വിഷയം മാറിപ്പോകരുതല്ലോ... മ് ..എന്റെചോദ്യം കേട്ട് ഓനെന്നോട് തിരികെ ചോദിച്ചത് "നമ്മൾ ഒരേ ജാതിയിൽ പെട്ടവർ ആയിരുന്നെങ്കിൽ,ഞാൻ വന്നു നിന്റെ വീട്ടിൽ ആലോചിച്ചിരുന്നെങ്കിൽ എന്നെ വിവാഹം കഴിക്കാൻ നീ സമ്മതിക്കുമായിരുന്നോ?" എന്നാണ്. 

ഉത്തരങ്ങൾക്ക് വേണ്ടി ആലോചിക്കേണ്ടി വന്നില്ലായെനിക്ക്. "ഒന്നാമത് വിവാഹം കഴിക്കാൻ ഒരാൾക്ക്  കാണുന്ന യോഗ്യതകളിൽ ജാതിയും മതവും പൂരിപ്പിക്കാനുള്ള കോളം എനിക്കില്ല...രണ്ടാമത് നിന്നോട് എനിക്കുള്ള ഇഷ്ടം ഒരു സൗഹൃദം മാത്രമാണ്...നീപറഞ്ഞതു പോലെ ഒരു ഇഷ്ടം ഇതുവരെ നിന്നോട് എനിക്ക് തോന്നിയിട്ടേയില്ലാ ". ഞാൻ അവനെ പ്രണയിക്കുന്നു എന്നൊരു മറുപടി അല്ല അവനും പ്രതീക്ഷിച്ചിരുന്നത്...ആ പ്രത്യേക ഇഷ്ടത്തെക്കുറിച്ചായിരുന്നു അവനു അറിയേണ്ടിരുന്നത്.എന്റെ മറുപടി അവനിലുണ്ടാക്കിയ പ്രതികരണം പിന്നീടു അവൻ നല്കിയ മറുപടികളിൽ വ്യക്തമായിരുന്നു . അത് ഞാൻ കാര്യമാക്കിയില്ല. കുറെയേറെ ഞാൻ അവനെക്കൊണ്ട് സംസാരിപ്പി ച്ചു.എന്റെ ഉള്ളിലുള്ള പലചോദ്യങ്ങൾക്കും ഉത്തരം തരാനൊരാൾ വന്നുകിട്ടിയത് പോലെ ...

അവന്റെ മറുപടികൾ എന്നെ കൂടുതൽ ചിന്തിപ്പിച്ചുകൊണ്ടിരുന്നു...പക്ഷെ ഉള്ളിലുള്ള വാക്കുകളെ ആശയങ്ങളായി പുറത്തേക്കു കൊണ്ടുവരുന്നതിൽ ഞാനൊരു പരാജയമായിരുന്നു..തികട്ടി വന്ന ചോദ്യങ്ങളൊക്കെ രൂപമില്ലാത്ത തൊണ്ടക്കുഴിയിൽ തന്നെ ചത്തൊടുങ്ങിക്കൊണ്ടിരുന്നു.

     ആഴ്ചകൾ കഴിഞ്ഞപ്പോൾ അന്ന് അവന്റെ    മാനസികാവസ്ഥ എന്തായിരുന്നു എന്ന് മനസിലാക്കാൻ പറ്റുന്ന ഏറ്റവും നല്ല സാഹചര്യത്തിലാണിപ്പോൾ ഞാനുള്ളത്. പ്രതീക്ഷിക്കുന്ന മറുപടികൾ കിട്ടാതിരിക്കുന്നതിനേക്കാൾ,അപ്രതീക്ഷിതമായ മറുപടികൾ ഉണ്ടാക്കുന്ന പൊള്ളലിൽ ഉരുകിയില്ലാതാകുന്നു... ആ പ്രത്യേകയിഷ്ടത്തിന്റെ , നഷ്ടത്തിന്റെ വേദനയെന്തെന്നു ഇപ്പോൾ ഞാനും അറിയുന്നു.വാക്കുകൾ കൊണ്ടും മൗനം കൊണ്ടും ഒരുപോലെ മുറിവേൽപ്പിക്കാൻ കഴിയുന്ന ആളുകളെ നമ്മൾ തന്നെയാണ് ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുന്നത്...ഒരുപക്ഷെ അവർ പോലും അറിയാതെയാണ്  അവരെ നമ്മൾ ഉള്ളിലേക്കെടുക്കുന്നത്.


              നഷ്ടമാകുന്ന ഇഷ്ടങ്ങളുണ്ടാക്കുന്ന  വേദനകൾക്ക് ഒരു പ്രത്യേക സുഖമാണ്... "ഇങ്ങോട്ടില്ലയെന്നറിയുമ്പോൾ നമ്മളും അതനുസരിച്ചു പെരുമാറിയാൽ മതിയല്ലോ"എന്ന സുഹൃത്തിന്റെ തിയറിക്കൊപ്പം പോകാൻ എനിക്ക് കഴിയുന്നില്ല. പ്രതീക്ഷിക്കാത്ത മറുപടികളിൽ ഇഷ്ടമില്ലാതായിപ്പോകുന്നില്ലല്ലോ... വഴിയരികിൽ ആരും ചോദിക്കാനില്ലാതെ നിന്നൊരു പൂവ് തല്ലിക്കൊഴിച്ചിടുന്ന ലാഘവത്തോടെ ചിലർക്കു നമ്മളെ തട്ടിയെറിഞ്ഞു പോകാൻ കഴിയുമായിരിക്കും..ഒരു നമ്പർ ഡിലീറ്റ് ചെയ്യുമ്പോലെ  ആളുകളെ, ഇഷ്ടങ്ങളെ ഓർമകളിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ട് എന്റെ ആ ഇഷ്ടവും ഞാനും ഇങ്ങനെ തന്നെയുണ്ടാകും. അതങ്ങനെയാണല്ലേ ആ ഇഷ്ടം- ചിലർക്ക് നമ്മളോട്...നമുക്ക് മറ്റു ചിലരോട്...അവർക്കു മറ്റാരോടോ...!!! നീണ്ടു നീണ്ടു പോകുന്ന  വഴികളിൽ  എന്റെ ഇഷ്ടം അവസാനിക്കില്ലായെന്നൊരു വാക്കു ഒന്നുമർഹിക്കാത്തയാൾക്ക് ഞാൻ തരുന്നു...ഇതെന്റെയൊരു വാശിയാണ്... നിന്നെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുക എന്നത്.......

Monday, July 17, 2017




നമുക്കൊരു യാത്ര പോകണം -
ആകാശം കടലിനെ ചുംബിക്കുന്നിടത്തേക്ക്...
അവിടെയാകുമ്പോൾ 
ആകാശമാകാൻ കൊതിച്ച നീയും 
ആഴിയാകാൻ കൊതിച്ച ഞാനും
എപ്പോഴും അരികിലായിരിക്കുമല്ലോ...
ഒരുപാടൊരുപാട് അരികത്ത് !

Sunday, September 11, 2016



വെളുത്ത ചായംപൂശിയ ചുവരുകളുള്ള ,
അഴികൾ കൊണ്ട് മറയ്ക്കാത്ത ചില്ലുജാലകങ്ങൾ 
പാതിനനഞ്ഞ സൂര്യനിലേക്കു തുറക്കുന്ന ഒരു വീട്...
 മഴയും,ആവിപാറുന്ന കാപ്പിക്കപ്പുകളും 
ഇഷ്ടമുള്ള പുസ്തകങ്ങൾക്കുമൊപ്പം 
ആ വീട്ടിലെനിക്ക് 
ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന 
ഒരാൾകൂടെ വേണം .





ചിലനേരങ്ങളിൽ, കടലാസിന്റെ
 ഇരുപുറങ്ങൾ പോലെയായിരുന്നു നമ്മൾ.
വേർപെടുത്താൻ അകലങ്ങളില്ലാതിരുന്നിട്ടും ,
എന്നിലെഴുതപ്പെട്ട വരികളൊന്നും നീയും 
നിന്നിലെഴുതപ്പെട്ട വരികളൊന്നും ഞാനും 
കണ്ടതേയില്ല ...!!!


ഞാനും നീയും സ്വപ്നങ്ങളിലെ സഹയാത്രികരായിരുന്നു 
അപരിചിതരായിരുന്നിട്ടും,
എപ്പോഴോ നാം പരസ്പരം പ്രിയപ്പെട്ടവരായി 
എന്റെ കൈവിരലുകൾക്കിടയിലേക്കു 
നിന്റെ കൈ വിരലുകളെ കോർത്തുവച്ച് 
നമുക്കിടയിലെ ശൂന്യതയെ നമ്മളില്ലാതാക്കി .
ആകാശത്തിലെ മേഘക്കീറുകൾക്കിടയിലും 
ആഴിയിലെ ചിപ്പിക്കുള്ളിലും 
കണ്ണാരം പൊത്തിക്കളിച്ചു .
അങ്ങനെ, ആകാശവും ആഴിയും 
സ്വപ്‌നങ്ങൾ കൊണ്ടളന്ന് തീർത്തവർ നമ്മൾ!
നിവർത്തിയിട്ട രാവിന്റെ ക്യാൻവാസിൽ 
നിലാവ്‌വരച്ച നിഴൽച്ചിത്രങ്ങളെ പിന്നിലാക്കി 
ഓടിക്കളിക്കുവാനായിരുന്നു നിനക്കിഷ്ടം.
വേണ്ടായിരുന്നു... അങ്ങനെ  ചെയ്തതുകൊണ്ടല്ലേ 
മുറുകെപ്പിടിച്ചിരുന്നിട്ടും,
ഏതോ പടിക്കെട്ടുകൾ ഓടിക്കയറിയപ്പോഴെന്റെ 
കൈവിരലുകൾ പതിയ അയഞ്ഞുപോയത്?
നിന്നെ എനിക്ക് നഷ്ടമായത്...
ഏതു ദേശത്താണ് ഞാനിനി നിന്നെ തിരയുക?
ഏതു പേര് വിളിച്ചാലാണിനി നീ വിളികേൾക്കുക?
ഏത് സ്വപ്നത്തിലാണ് നമ്മളിനിയും കണ്ടുമുട്ടുക?!

     അപരിചിതയായിരുന്നിട്ടും വേണ്ടപ്പെട്ട ആരോ നഷ്ടമായതുപോലെ , " കണ്ണാംതുമ്പീ പോരാമോ.."എന്ന വരികൾക്കൊപ്പം പിന്തിരിഞ്ഞു നോക്കികൊണ്ട് ...